കാനഡയിൽ കഞ്ചാവ് ഇനി പ്രശ്നമേ അല്ല

കാനഡയിൽ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമല്ല ബുധനാഴ്ച അർധരാത്രിയോടെയാണ് ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിലായത്. ഇതോടെ കഞ്ചാവ് ഉപയോഗം നിയമപരമായി മാറുന്ന ലോകത്തെ രണ്ടാമത്തെ രാഷ്ട്രമായി കാനഡ. യുറഗ്വായ് ആണ് ആദ്യരാജ്യം. മുതിർന്ന പൗരൻമാർക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈവശംവയ്ക്കാനും കൈമാറാനുമുള്ള സ്വാതന്ത്ര്യമാണ് പുതിയ നിയമം നൽകുന്നത്. വീട്ടിൽ നാലു കഞ്ചാവു ചെടികൾ വരെ വളർത്താനും സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ പോലെയുള്ള ഉൽപന്നങ്ങൾ നിര്‍മിക്കാനും നിയമം അധികാരം നൽകുന്നുണ്ട്. അതേസമയം, 18 വയസ്സിനു താഴെയുള്ളവർ കഞ്ചാവ് ഉൽപാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതും കുറ്റകരമായി തുടരും. 14 വർഷം തടവുൾപ്പെടെയുള്ള കടുത്ത ശിക്ഷയാണ് നിയമലംഘകർക്ക് ലഭിക്കുക . യുഎസിലെ ഒമ്പതു സംസ്ഥാനങ്ങളിൽ വിനോദാവശ്യത്തിനുള്ള കഞ്ചാവിന്‍റെ ഉൽപാദനവും ഉപയോഗവും നിലവിൽ നിയമപരമാണ്.മുപ്പതോളം സംസ്ഥാനങ്ങളിൽ ഔഷധാവശ്യങ്ങള്‍ക്കായുള്ള കഞ്ചാവു വിൽപന നിയമപരമാണ്.ആരോഗ്യം, നിയമം, പൊതുസുരക്ഷ എന്നിവയെ പുതിയ മാറ്റം ഏതുതരത്തിൽ ബാധിക്കുമെന്ന ആശങ്കകൾക്കിടെയാണ് കാനഡയിൽ കഞ്ചാവ് വിൽപനകേന്ദ്രങ്ങൾ ബുധനാഴ്ച അർധരാത്രി മുതൽ പ്രവർത്തനമാരംഭിച്ചത്. നിയമപരമായ വിൽപന എന്ന ആശയം ശൈശവ ദിശയിലായതിനാൽ ആദ്യ വർഷം കഞ്ചാവിന്‍റെ ലഭ്യത കുറവാകാനാണ് സാധ്യതയെന്നാണ് പൊതു നിഗമനം. കഞ്ചാവ് ഉൽപാദനവും ലൈസൻസ് നൽകുന്ന പ്രക്രിയയും വിപണിയിലെ ആവശ്യത്തിനനുസരിച്ചു ക്രമപ്പെടുത്തേണ്ടതുമുണ്ട്.