സ്വന്തം മുത്തശ്ശിയെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ സൂപ്പര്‍ ഹീറോസ്‌

സ്വന്തം മുത്തശ്ശിയെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ സൂപ്പര്‍ ഹീറോസ്‌ കാനഡ സ്വദേശിയും നേഴ്‌സുമായ ലീ ചാറ്റേഴ്‌സണ്‍ പത്തും ഏഴും വയസ്സുള്ള മക്കളായ കിയാനും ഗ്രേസണും ഹ്യദയാഘാതമുണ്ടായ രോഗിക്ക് ആദ്യം നല്‍കുന്ന സിപിആര്‍ പരിശീലനം നല്‍കി ലീ ചാറ്റേഴ്‌സണ്‍ എന്ന 'അമ്മ തന്റെ മക്കള്‍ക്ക് പകര്‍ന്നുകൊടുത്തത് പ്രഥമശുശ്രൂഷയുടെ പാഠങ്ങള്‍. ഇത് വഴി മക്കൾ രക്ഷിച്ചത് സ്വന്തം മുത്തശ്ശിയെ. അവസരോചിതമായി ഈ പാഠങ്ങള്‍ പ്രയോജനപ്പെടുത്തി സ്വന്തം മുത്തശ്ശിയെ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഈ കുട്ടികള്‍ നേടിയത് പാരാമെഡിക്കല്‍ സംഘത്തിന്റെ പ്രശംസയും ആദരവും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മക്കള്‍ക്ക് സിപിആര്‍ (Cardio pulmonary resuscitation) ചെയ്യുന്നതിനെക്കുറിച്ച്‌ പറഞ്ഞു കൊടുക്കുമ്പോള്‍ ആ പാഠങ്ങള്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമാവുമെന്നും തന്റെ മക്കള്‍ ലൈഫ് ടൈം ഹീറോസ് ആയി മാറുമെന്നും ഈ അമ്മ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാനഡയിലെ സാസ്‌കട്ടൂണിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികളായ ആണ്‍കുട്ടികളെ താരങ്ങളാക്കി മാറ്റിയ സംഭവം നടന്നത്. കാനഡ സ്വദേശിയും നഴ്‌സുമായ ലീ ചാറ്റേഴ്‌സണ്‍ അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഹ്യദയാഘാതമുണ്ടായ രോഗിക്ക് ആദ്യം നല്‍കുന്ന സിപിആര്‍ പരിശീലനം പത്തും ഏഴും വയസ്സുള്ള തന്റെ മക്കളായ കിയാനും ഗ്രേസണും നല്‍കിയത്. പ്രാഥമിക ശുശ്രൂഷ എന്ന തരത്തില്‍ പറഞ്ഞുകൊടുത്ത സിപിആര്‍ പരിശീലനം ഒടുവില്‍ പ്രയോജനപ്പെട്ടത് സ്വന്തം വീട്ടില്‍ തന്നെയാണ്, ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാവുന്ന അപകടകരമായ ഹൃദയസ്തംഭനത്തില്‍ നിന്നാണ് മുത്തശ്ശിയെ ലീയുടെ മക്കള്‍ ഇരുവരും ചേര്‍ന്ന് രക്ഷിച്ചത്. വീട്ടില്‍ ടിവി കണ്ടിരിക്കുന്നതിനിടെയാണ് ഇരുവരുടേയും മുത്തശ്ശിയായ പാറ്റി ചാറ്റേഴ്‌സണ്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായത്. മുത്തശ്ശിയെ ആവര്‍ത്തിച്ച് വിളിച്ചിട്ടും അനക്കമില്ലെന്ന് കണ്ടതോടെ സംഭവം അത്ര പന്തിയല്ലെന്ന് കുട്ടികള്‍ക്ക് മനസ്സിലായി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മുത്തശ്ശിക്ക് സിപിആര്‍ നല്‍കുകയായിരുന്നു. ജീവന്‍ വരെ നഷ്ടമായേക്കാവുന്ന വലിയ ഒരു ഹൃദയസ്തംഭനത്തില്‍ നിന്നാണ് മുത്തശ്ശിയെ തങ്ങള്‍ രക്ഷിക്കുന്നത്എന്ന് കെയ്നും ഗ്രേസണും അപ്പോള്‍ അറിഞ്ഞിരുന്നില്ല. എന്തായാലും ഇരുവരും ചേര്‍ന്ന് നല്‍കിയ സിപിആര്‍ ഗുണം ചെയ്തു. പാരാമെഡിക്സ് എത്തുന്നതു വരെ സിപിആര്‍ നല്‍കിയതിനാല്‍ ചാറ്റേഴ്സന്റെ ജീവന്‍ നിലനിര്‍ത്താനായി. പാറ്റി ചാറ്റേഴ്‌സണെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവസരോചിതമായി ഇടപെട്ട് ജീവന്‍ രക്ഷിച്ചതിനും ബേസിക് ലൈഫ് സപ്പോര്‍ട്ട് ആയ സിപിആര്‍ പരിശീലനം ചെറിയ പ്രായത്തില്‍ തന്നെ നേടിയതിനും സാസ്‌കട്ടൂണിലെ പാരാമെഡിക്കല്‍ സംഘം രണ്ട് കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി അഭിനന്ദിച്ചു. കെയ്‌നേയും ഗ്രേസണേയും പോലെ എല്ലാവരും സിപിആര്‍ അറിഞ്ഞിരിക്കണമെന്നാണ് പാരാമെഡിക്‌സ് സംഘം എല്ലാവരോടുമായി അഭിനന്ദന ചടങ്ങില്‍ മുന്നോട്ട് വെച്ച ആവശ്യം. ഹൃദയമോ ശ്വാസകോശമോ രണ്ടും ഒന്നിച്ചോ പ്രവര്‍ത്തന രഹിതമായ ഒരു വ്യക്തിക്ക് താല്‍ക്കാലികമായി ആ പ്രവര്‍ത്തനം നമ്മള്‍ ചെയ്തു കൊടുക്കുന്നതാണ് ബേസിക് ലൈഫ് സപ്പോര്‍ട്ട്. Cardio pulmonary resuscitation അഥവാ CPR എന്നത് അതിന്റെ ഏറ്റവും പ്രധാന ഘടകമാണ്. വൈദ്യപരിശോധന ലഭിക്കുന്നതു വരെ രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ സി.പിആര്‍ നല്‍കുന്നതിലൂടെ സാധിക്കും. രോഗിയുടെ ഹൃദയത്തിന്റെ ഭാഗത്തു കൈ കൊണ്ട് ശക്തമായി അമര്‍ത്തി രക്തം പമ്പ് ചെയ്യാന്‍ സഹായിക്കലാണ് സിപിആറിലൂടെ ചെയ്യുന്നത്. നെഞ്ചിന്റെ മധ്യത്തില്‍ നീളത്തില്‍ ഷീറ്റ് പോലെയുള്ള എല്ലാണ് sternum. Sternum-ന്റെ താഴെ പകുതിക്ക് പുറകില്‍ ആണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. ആ ഭാഗത്ത് കൈപ്പത്തിക്കൊണ്ട്‌ താഴേക്കു ശക്തമായി അമര്‍ത്തി ഹൃദയത്തിന്റെ അറകളില്‍ നിന്നു രക്തം പ്രധാന ധമനിയിലേക്ക് തള്ളിക്കുകയാണ് ചെയ്യുന്നത്. ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രീറ്റ്‌മെന്റില്‍ ഏറ്റവും പ്രധാനമായും അറിയേണ്ട ഒന്നാണ് സി.പി.ആര്‍.