2000 കൊല്ലം പഴക്കമുള്ള കൊട്ടാരത്തില്‍ രഹസ്യ ഭൂഗര്‍ഭ അറ


നീറോ ചക്രവര്‍ത്തിയുടെ 2000 കൊല്ലം പഴക്കമുള്ള കൊട്ടാരത്തില്‍ രഹസ്യ ഭൂഗര്‍ഭഅറ കണ്ടെത്തി    .2000 വർഷം മുമ്പ് റോമിലെ നീറോ ചക്രവർത്തി പണി കഴിപ്പിച്ച ഡോമസ് ഓറിയ(സുവര്‍ണ കൊട്ടാരം)യില്‍ പുരാവസ്തു ഗവേഷകര്‍ രഹസ്യ ഭൂഗര്‍ഭ അറ കണ്ടെത്തി.  പര്യവേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് ഭൂഗര്‍ഭ അറ കണ്ടെത്തിയത്.കൊട്ടാരത്തിലെ പര്യവേഷണങ്ങള്‍ക്കിടെ ഭൂമിക്കടിയിലേക്കുള്ള വഴിയും തുടര്‍ന്ന് അറയും കണ്ടെത്തുകയായിരുന്നു. പുരാണകഥകളിലെ ജീവികളുടെ ചിത്രങ്ങള്‍ മുറിയുടെ ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇവയില്‍ സെന്റോറുകളും(പകുതി മനുഷ്യനും പകുതി കുതിരയുമായ ജീവി)പാനിന്റേയും(ഒരു ദേവന്‍)ചിത്രങ്ങള്‍ ഉള്‍പ്പെടുന്നു.എഡി ഒന്നാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കൊട്ടാരത്തിലെ അറ ഇപ്പോഴും കേടുപാട് കൂടാതെ നിലനില്‍ക്കുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് പര്യവേഷകര്‍ പറയുന്നു.വെള്ള പൂശിയ ചുമരില്‍ അരികുകള്‍ മഞ്ഞചായം പൂശി അലങ്കരിച്ചതോടൊപ്പം ചുവന്ന പൂക്കളും വരച്ച് ചേര്‍ത്ത് മനോഹരമാക്കിയിട്ടുണ്ട്.മേല്‍ക്കൂരയില്‍ പതിപ്പിച്ച ഓടുകളും ചായം പൂശി മനോഹരമാക്കിയിട്ടുണ്ട്. ഓടുകളിലും മൃഗങ്ങളുടേയും പക്ഷികളുടേയും ചിത്രങ്ങളുണ്ട്. സംഗീതോപകരണങ്ങളുടെ ചിത്രങ്ങളും ഇതിലുണ്ട്. എഡി 64 നും 68 നുമിടയിലാണ് ഇത് നിര്‍മിച്ചതെന്നാണ് നിഗമനം. ഇതിനോട് ചേര്‍ന്ന് കെട്ടിടങ്ങളും ഉദ്യാനങ്ങളും കൃത്രിമത്തടാകവും തുടര്‍കാലത്ത് പണികഴിപ്പിച്ചിരുന്നു.  നീറോയുടെ അതിക്രൂരത കാരണം അദ്ദേഹത്തിന്റെ മരണശേഷം നീറോയുടെ അവശേഷിപ്പുകള്‍ നശിപ്പിക്കാൻ പിന്‍ഗാമികള്‍ ശ്രമിച്ചിരുന്നു. ഭൂരിഭാഗവും നശിപ്പിക്കപ്പെട്ട സുവര്‍ണ കൊട്ടാരത്തില്‍ ഇപ്പോള്‍ നടന്നു വരുന്ന പര്യവേഷണങ്ങളാണ് രഹസ്യഅറയുടെ വിവരം വെളിപ്പെടുത്തിയത്.കൂടുതല്‍ പഠനങ്ങളിലൂടെ റോമന്‍ സാമ്രാജ്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുമെന്നാണ് പര്യവേഷകസംഘത്തിന്റെ കണക്കുകൂട്ടല്‍.