കൗമാരപ്പട വീണ്ടും ചരിത്രം കുറിച്ചു...........ഇത് നീലപ്പട!!!

ലോകകിരീടം ഇന്ത്യയ്ക്ക് കൗമാരപ്പട കരുത്ത് കാട്ടി.ഫൈനലില്‍ ഓസീസിനെ പൂട്ടിക്കെട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും ലോകകപ്പിന്റെ നെറുകയില്‍ അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയയെ 216 റണ്‍സിന് ചുരുക്കിക്കെട്ടിയ ശേഷം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 220 റണ്‍സ് നേടി വിജയം വരിച്ചു. മന്‍ജോത് കല്‍റയുടെ 102 ബോളില്‍ 101 റണ്‍സെടുത്ത ഇന്നിങ്ങ്‌സാണ് നിര്‍ണ്ണായകമായത്. ഇത് നാലാം തവണയാണ് അണ്ടര്‍ 19 കിരീടം ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ഇന്ത്യന്‍ ബാറ്റിങ് നാലു ഓവറില്‍ നില്‍ക്കെ മഴപെയ്തതിനാല്‍ കളി അല്‍പനേരം തടസപ്പെട്ടെങ്കിലും പിന്നീട് പുനഃരാരംഭിക്കുകയായിരുന്നു. മുഹമ്മദ് കൈഫ്(2002), വിരാട് കോഹ്ലി(2008), ഉന്മുക്ത് ചന്ദ്(2012) എന്നിവരുടെ ക്യാപ്റ്റന്‍സിയില്‍ മുന്‍പ് ജേതാക്കളായ ഇന്ത്യ ഒരിക്കല്‍ കൂടി കപ്പുയര്‍ത്തിയതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന റെക്കോര്‍ഡിലെത്തിയിരിക്കുകയുമാണ് ഇന്ത്യ.