തരിശ് ഭൂമിയെ കാടാക്കി മാറ്റിയ ഫോട്ടോഗ്രാഫര്‍

ഇന്ന് ഇവിടെ 800 വ്യത്യസ്തതരം മരങ്ങളുണ്ട്


സാധാരണ ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറയുമായി കാട്ടിലേക്കിറങ്ങാറാണ്  പതിവ്. എന്നാല്‍, ഇദ്ദേഹം അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു കാട് സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു .തരിശായിക്കിടക്കുന്ന ഏക്കര്‍ കണക്കിന് ഭൂമിയെ കാടാക്കി മാറ്റിയ മനുഷ്യൻ .വെറും കാടല്ല, നിറയെ പക്ഷികളും മൃഗങ്ങളുമൊക്കെയുള്ളൊരസ്സല്‍ കാട്. മൂന്നു വര്‍ഷമാണ് അതിനായി പൊമ്പയ്യ മലേമത്ത് എന്ന ഫോട്ടോഗ്രാഫര്‍ പ്രയത്‌നിച്ചത്.”ആദ്യമായി 50 തൈകള്‍ നട്ടപ്പോള്‍ ഞാന്‍ കരുതിയത് അതില്‍ രണ്ടെണ്ണമെങ്കിലും ബാക്കിയാകും എന്നാണ്. പക്ഷെ, യാദൃശ്ചികമായി അതില്‍ ഓരോ ചെടിയും മുളച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ തോട്ടത്തില്‍ 800 മരങ്ങള്‍ വളര്‍ന്നു.” കര്‍ണാടകയില്‍ നിന്നുള്ള പൊമ്പയ്യ പറയുന്നു.ലോകത്തെമ്പാടുമുള്ള ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഇന്ന് ആ ഭൂമി.വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും ടൂര്‍ ഓപ്പറേറ്ററുമായിരുന്ന പൊമ്പയ്യക്ക് കാടിനോടും ചെടികളോടുമുള്ള പ്രണയം വളരെ ചെറുപ്പത്തില്‍ തന്നെ മുളപൊട്ടിയതാണ്. ആ ഇഷ്ടം വളര്‍ന്നു. ഡറോജി സ്ലോത്ത് ബിയര്‍ സാങ്ക്ച്വറിയില്‍ വളണ്ടിയറായി ഒപ്പ് വെച്ചപ്പോള്‍ അത് ഒന്നുകൂടി ശക്തിപ്പെട്ടു.‘ആ സമയത്ത് കാമറയെടുക്കുക മാത്രമല്ല, ഞാനെല്ലാതരം ജോലികളും ചെയ്യുമായിരുന്നു. ഓരോ സ്ഥലത്തുമുണ്ടാകുന്ന മരങ്ങളെ കുറിച്ചും ജീവികളെ കുറിച്ചുമെല്ലാം അറിഞ്ഞു തുടങ്ങി. അതാണ് അതേ വഴിയിലൂടെ തന്നെ തുടര്‍ന്നും നടക്കാനുള്ള പ്രചോദനമായിത്തീര്‍ന്നത്’ – പൊമ്പയ്യ പറയുന്നു.കനാലിനപ്പുറത്ത് തന്റെ ഭൂമിയോട് തൊട്ടുകിടക്കുന്ന തരിശായിക്കിടക്കുന്ന ഭൂമി ആയിടയ്ക്കാണ് പൊമ്പയ്യയുടെ ശ്രദ്ധയില്‍ പെട്ടത്.അങ്ങനെയാണ് ആ ഭൂമി ശരിയാക്കിയെടുക്കാനും മരങ്ങള്‍ നട്ടുവളര്‍ത്താനും ആലോചിക്കുന്നത്. അങ്ങനെ, തുംഗഭദ്ര ബോര്‍ഡിനോട് അനുമതിക്ക് വേണ്ടി അഭ്യര്‍ത്ഥിച്ചു. ആശയം ബോര്‍ഡ് അംഗീകരിച്ചു. ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം എന്നതൊന്നും പോമ്പയ്യയുടെ മനസിലേ ഉണ്ടായിരുന്നില്ല. അവിടം തരിശായിക്കിടക്കാതെ പച്ച പിടിപ്പിക്കുക എന്നത് മാത്രമായിരുന്നു മനസില്‍.ആദ്യം നാട്ടില്‍ കാണുന്ന തരത്തില്‍ തെങ്ങ്, വേപ്പ്, പപ്പായ എന്നിവയൊക്കെ ആയിരുന്നു നട്ടുപിടിപ്പിച്ചത്. അമ്പതെണ്ണം നട്ടാല്‍ രണ്ടെണ്ണമെങ്കിലും ബാക്കിയാകും എന്നായിരുന്നു പ്രതീക്ഷ. പക്ഷെ, എല്ലാം ബാക്കിയായി. അതോടെ പൊമ്പയ്യക്ക് പ്രതീക്ഷയായി. ആ സ്ഥലത്തെ മണ്ണ് വളരെ മോശമായിരുന്നു. അങ്ങനെ ചില ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ നല്ല മണ്ണ് സ്ഥലത്ത് കൊണ്ടിടുകയായിരുന്നു .പഞ്ചായത്തംഗത്തിന്റെ സഹായത്തോടെ അദ്ദേഹം പിന്നീട് വനം വകുപ്പുമായി ബന്ധപ്പെടുകയും  വനം വകുപ്പിന് പൊമ്പയ്യയുടെ ആത്മാര്‍ത്ഥത ബോധ്യപ്പെട്ടതോടെ അദ്ദേഹത്തിന് തൈകള്‍ നല്‍കുകയും ചെയ്തു .സ്വന്തം സ്ഥലത്തും സര്‍ക്കാരിന്റെ സ്ഥലത്തും പേര, പപ്പായ, തേക്ക്, വേപ്പ്, തുടങ്ങി വ്യത്യസ്ത തരം ചെടികള്‍ നട്ടുപിടിപ്പിച്ചു. പൊമ്പയ്യയുടെ സുഹൃത്തും അയല്‍ക്കാരനുമായ മഞ്ജുനാഥ് തന്റെ സ്വന്തം കിണറില്‍ നിന്നും ഇതിനെല്ലാം വെള്ളം നനച്ചു.70 വ്യത്യസ്ത ഇനം പക്ഷികള്‍, തേന്‍ കരടി, പുള്ളിപ്പുലി, മരപ്പട്ടി തുടങ്ങിയ മൃഗങ്ങളും ഈ കാട്ടിലുണ്ട്. എന്ന് പൊമ്പയ്യ അഭിമാനത്തോടെ പറയുന്നു. മാത്രവുമല്ല, കാട്ടില്‍ ഒരു കുളവും ഉണ്ടാക്കിയിട്ടുണ്ട്. അതിലും മീനുകളടങ്ങുന്ന ഒരു ആവാസവ്യവസ്ഥ നിലനില്‍ക്കുന്നു.ഈ കാടിനെ, കാടാക്കാന്‍ മൂന്ന് വര്‍ഷമാകുമ്പോഴേക്കും സ്വന്തം കയ്യില്‍ നിന്നും മൂന്ന് ലക്ഷം രൂപ പൊമ്പയ്യ ചെലവാക്കിയിട്ടുണ്ട്. ഒരു കുട്ടിയെ വളര്‍ത്തുന്നതുപോലെ തന്നെ ആത്മാര്‍ത്ഥതയോടെ വേണം ഓരോ ചെടിയേയും നട്ടുവളര്‍ത്താന്‍. സമയവും പ്രയത്‌നവും അതിനായി മാറ്റിവെക്കണം. ഒരു ചെടിയായിക്കോട്ടെ 100 ചെടിയായിക്കോട്ടെ ആത്മാര്‍ത്ഥമായി വേണം നട്ടു വളര്‍ത്താനെന്നും പൊമ്പയ്യ പറയുന്നു.ഇന്ന് ഇവിടെ 800 വ്യത്യസ്തതരം മരങ്ങളുണ്ട്. വെള്ളം ശേഖരിക്കുന്നതിനായി കുഴികളുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്തും മരങ്ങള്‍ സംരക്ഷിക്കപ്പെടുന്നു.