മുരിങ്ങയിലയുടെ പോഷകഗുണങ്ങള്‍

വിററാമിനുകളുടെയും ഇരുമ്പിന്‍റെയും ഫോസ്ഫറസിന്‍റെയും കലവറ തന്നെയാണ് മുരിങ്ങയില. വിറ്റാമിന്‍ എ, ബി, സി,ഡി, ഇ എന്നിവ അതില്‍ അടങ്ങിയിരിക്കുന്നു. പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയില്‍ ഉണ്ട്. ഇതോടൊപ്പം ശരിയായ ശോധനക്കും മുരിങ്ങയില ഉപകരിക്കും. ആയുര്‍വേദത്തില്‍ നിരവധി ഔഷധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ഇല മാത്രമല്ല മുരിങ്ങക്കായയും അതിന്‍റെ വിത്തും പോഷക സമ്പന്നം തന്നെയാണ്. മുരിങ്ങയില നീര് രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്.പ്രത്യേകം പരിചണമൊന്നുമില്ലാതെ വളരുന്ന ചെടിയാണ് മുരിങ്ങ. നമ്മുടെ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിച്ചാല്‍ വിഷമില്ലാത്ത പുത്തന്‍ ഇലകള്‍ കൊണ്ട് നമുക്ക് ആഹാരം പോഷകസമൃദ്ധമാക്കാം. ഒപ്പം ആരോഗ്യവും സംരക്ഷിക്കാം