പൂക്കളും കായ്കളും കൊഴിഞ്ഞു പോകാതിരിക്കാന്‍

ചെടികളുടെ പൂക്കളും കായ്കളും കൊഴിഞ്ഞു പോകാതിരിക്കാന്‍ ചെയ്യേണ്ടതെല്ലാം മനുഷ്യനെന്ന പോലെ സസ്യങ്ങള്‍ക്കും രോഗവും രക്ഷയുമുണ്ട്. ഇലകള്‍ വിളറി മഞ്ഞനിറത്തിലാകുക, പാകമാകാതെ ഫലങ്ങള്‍ പഴുക്കുക, ഫലത്തില്‍ നിന്ന് വെള്ളം വരിക, ചെടികള്‍ വേഗത്തില്‍ ക്ഷീണിച്ച് പോകുക എന്നിവയെല്ലാം പിത്ത കോപത്തില്‍ കാണുന്ന ചില ലക്ഷണങ്ങളാണ്. ഇരട്ടിമധുരവും ഇലിപ്പക്കാതലും കഷായംവെച്ച് ആറി അതില്‍ പാലും തേനും ചേര്‍ത്ത് ചെടിയുടെ കടയില്‍ ഒഴിക്കുക. ത്രിഫലകഷായം വെച്ച് ചൂടാറിയശേഷം നെയ്യും തേനും ചേര്‍ത്ത് ചെടിക്ക് നനയ്ക്കുക. രാമച്ചം, മുത്തങ്ങ എന്നിവ കഷായം വെച്ച് തണുത്ത ശേഷം അതില്‍ തേനും നെയ്യും പാലും ചേര്‍ത്ത് ചെടിക്ക് നനച്ചു കൊടുക്കുന്നതും പിത്തദോഷ കോപം ശമിക്കുന്നതിന് സഹായകമെന്ന് വൃക്ഷായുര്‍വേദത്തില്‍ പറയുന്നു.കഫകോപത്തില്‍ ഇലകള്‍ക്ക് വൈകല്യം ഉണ്ടാകും. ഫലങ്ങള്‍ വളരെ പതുക്കയേ പാകമാകുകയുള്ളൂ. പഞ്ചസാരയും കടുകും ചേര്‍ത്തരച്ച് വേരില്‍ പുരട്ടിയശേഷം എള്ള് കത്തിച്ച ചാരം വെള്ളത്തില്‍ കലക്കി ചെടിക്ക് നനയ്ക്കുക. കരിങ്ങാലിക്കാതല്‍, വേപ്പിന്‍ തൊലി, മുത്തങ്ങ, ഏഴിലംപാലത്തൊലി, വയമ്പ്, കണ്ടകാരി എന്നിവകൊണ്ട് കഷായം വെച്ച് ഏഴു ദിവസം നനയ്ക്കുക. പൂവ് ഉണ്ടായതിനുശേഷം വീണ്ടും പൂക്കാത്ത ചെടികള്‍ പൂക്കുന്നതിനായി മത്സ്യമാംസാദികള്‍ കഴുകിയ വെള്ളം ഒഴിക്കുക.ചെടികളുടെ വേരില്‍ ശുദ്ധമായ കായം കെട്ടിവെക്കുന്നത് ചെടികളുടെ പൂക്കളും കായ്കളും കൊഴിഞ്ഞുപോകാതിരിക്കാന്‍ സഹായിക്കും.